ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഓസ്ട്രേലിയൻ ടീം മെയ് 27 ന് ഇംഗ്ലണ്ടിലെത്തും. എന്നാൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ബാച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപ് മേയ് 23 ന് ഇംഗ്ലണ്ടിൽ പറന്നിറങ്ങും. കോച്ച് രാഹുൽ ദ്രാവിഡും ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാത്ത ടീമുകളിലെ ഇന്ത്യൻ താരങ്ങളായിരിക്കും നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തുക.

മെയ് 23 ന് എത്തുന്ന ഇന്ത്യ കൗണ്ടി ടീമുമായി പരിശീലന മത്സരം കളിച്ചേക്കും. എന്നാൽ പരിശീലന മത്സരം വേണ്ടെന്ന തീരുമാനത്തിലാണ് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, നേതൻ ലയൺ, സ്റ്റാർക്ക്, ഉസ്മാൻ ഖവാജ അടക്കമുളള താരങ്ങളാണ് മേയ് 27 ന് ഇംഗ്ലണ്ടിലെത്തുക. ടീമിലെ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവർ നിലവിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നുണ്ട്. മറുഭാഗത്ത് കൗണ്ടിയിലെ പുജാരയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നത്.

മൂന്ന് ബാച്ചുകളായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുക. ആദ്യ ബാച്ചിൽ രാഹുൽ ദ്രാവിഡും പ്ലേയോഫിൽ പ്രവേശിക്കാത്ത ടീമുകളിലെ താരങ്ങളും എത്തുമ്പോൾ ഐ പി എൽ ഉത്തരവാദിത്വത്തിന് ശേഷം രണ്ടാം ബാച്ചിലെ താരങ്ങളും ഫൈനലിന് ശേഷം മൂന്നാം ബാച്ചും ഇംഗ്ലണ്ടിലേക്ക് തിരിക്കും. ജൂൺ ഏഴിന് ഓവലിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top