Skip to content

പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ് ! രാജസ്ഥാൻ റോയൽസിന് തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ആധികാരിക വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ റോയൽസ് സമ്മാനിച്ച തോൽവിയ്ക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ജയ്പൂരിൽ ഗുജറാത്ത് നേടിയ വിജയം.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വെറും 118 റൺസിൽ ചുരുക്കികെട്ടിയ ഗുജറാത്ത് 119 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ശുഭ്മാൻ ഗിൽ 35 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ വൃദ്ധിമാൻ സാഹ 34 പന്തിൽ 41 റൺസും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 15 പന്തിൽ 39 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ നാലോവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ, രണ്ട് വിക്കറ്റ് നേടിയ നൂർ അഹമ്മദ് എന്നിവർ ചേർന്നാണ് തകർത്തത്. 20 പന്തിൽ 30 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണായിരുന്നു ടീമിലെ ടോപ്പ് സ്കോറർ. മത്സരത്തിലെ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.

മറ്റന്നാൾ സൺറൈസേഴ്സിനെതിരെയാണ് റോയൽസിൻ്റെ അടുത്ത മത്സരം. അതേ ദിവസം ലഖ്നൗ സൂപ്പർ ജയൻ്റ്സുമായാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.