Skip to content

സഞ്ജുവിനും കൂട്ടർക്കും എട്ടിൻ്റെ പണി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം നേടികൊണ്ട് പ്ലേയോഫിന് അരികെയെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. ഈ വിജയത്തോടെ റോയൽസിന് ഗംഭീര പണികൊടുത്തിരിക്കുകയാണ് ടൈറ്റൻസ്. അതിന് മുൻകൈ എടുത്തത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ 119 റൺസിൻ്റെ വിജയലക്ഷ്യം വെറും 13.5 ഓവറിലാണ് ഗുജറാത്ത് ടൈറ്റൻസ് മറികടന്നത്. 15 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 39 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ പ്രകടനമാണ് ഗുജറാത്തിൻ്റെ വിജയം വേഗത്തിലാക്കിയത്. 35 പന്തിൽ 36 റൺസ് നേടിയ ഗിൽ പുറത്തായ ശേഷമായിരുന്നു ഹാർദിക്ക് പാണ്ഡ്യ ക്രീസിലെത്തി ഈയൊരു പ്രകടനം കാഴ്ച്ചവെച്ചത്.

ഇതോടെ തോൽവിയ്‌ക്കൊപ്പം തങ്ങളുടെ നെറ്റ് റൺ റേറ്റിലും കനത്ത തിരിച്ചടി റോയൽസ് ഏറ്റുവാങ്ങി. 10 മത്സരങ്ങളിൽ നിന്നും 5 വിജയം നേടിയ റോയൽസിൻ്റെ നെറ്റ് റൺ റേറ്റ് ഇതോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനേക്കാൾ താഴെയായി. നിലവിൽ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ് ഉള്ളത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സഞ്ജുവിനും കൂട്ടർക്കും വിജയിക്കാനായത്. ഇനിയുള്ള മത്സരങ്ങളിൽ മൂന്നിലെങ്കിലും വിജയിച്ചാൽ മാത്രമേ പ്ലേയോഫിൽ പ്രവേശിക്കാൻ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ കൂടിയായ റോയൽസിന് സാധിക്കൂ.