Skip to content

തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 6 വിക്കറ്റിൻ്റെ ആവേശവിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടപെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കാമറോൺ 23 റൺസ് നേടി പുറത്തായപ്പോൾ ഫോമിൽ തിരിച്ചെത്തിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്നാണ് മുംബൈ ഇന്ത്യൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

മൂന്നാം വിക്കറ്റിൽ 114 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവ് 31 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 66 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 41 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 75 റൺസ് നേടി. ഇരുവരെയും പഞ്ചാബ് കിങ്സ് തുടർച്ചയായ ഓവറുകളിൽ പുറത്താക്കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ ടിം ഡേവിഡ് 10 പന്തിൽ 19 റൺസും തിലക് വർമ്മ 10 പന്തിൽ 26 റൺസും നേടി തകർത്തടിച്ചതോടെ അനായാസ വിജയം മുംബൈ ഇന്ത്യൻസ് കുറിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 42 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 82 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ, 27 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 49 റൺസ് നേടിയ ജിതേഷ് ശർമ്മ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയാണ് മുംബൈ ബൗളർമാരിൽ മികവ് പുലർത്തിയത്.

മെയ് ആറിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. മെയ് എട്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം.