Skip to content

വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

ഐ പി എല്ലിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇതോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് ഹിറ്റ്മാൻ്റെ പേരിലായി.

റിഷി ധവാനാണ് മത്സരത്തിൽ രോഹിത് ശർമ്മയെ പുറത്താക്കിയത്. ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ഹിറ്റ്മാൻ പുറത്തായത്. ഐ പി എല്ലിൽ ഇത് പതിനഞ്ചാം തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഐ പി എല്ലിൽ പൂജ്യത്തിന് പുറത്തായ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ദിനേശ് കാർത്തിക്, സുനിൽ നരെയ്ൻ, മന്ദീപ് സിങ് എന്നിവർക്കൊപ്പം രോഹിത് ശർമ്മയെത്തി.

ഈ സീസണിൽ ഇതുവരെ 9 മത്സരങ്ങളിൽ നിന്നും 20.44 ശരാശരിയിൽ 184 റൺസ് നേടുവാൻ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുള്ളത്. ഹിറ്റ്മാൻ്റെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിന് മാത്രമല്ല ഇന്ത്യൻ ടീമിനും വലിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഹിറ്റ്മാൻ ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.