Skip to content

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ് !! തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

മുംബൈ ഇന്ത്യൻസിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 55 റൺസിനായിരുന്നു ടൈറ്റൻസിൻ്റെ വിജയം.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 208 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനെ സാധിച്ചുള്ളൂ. 21 പന്തിൽ 40 റൺസ് നേടിയ വധേരയും 33 റൺസ് നേടിയ കാമറോൺ ഗ്രീനും മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയത്.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി നൂർ അഹമ്മദ് നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 34 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പടെ 56 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 22 പന്തിൽ 46 റൺസ് നേടിയ ഡേവിഡ് മില്ലർ, 21 പന്തിൽ 42 റൺസ് നേടിയ അഭിനവ് മനോഹർ, 5 പന്തിൽ 20 റൺസ് നേടിയ രാഹുൽ തെവാട്ടിയ എന്നിവരുടെ മികവിലാണ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയത്. നാലോവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗള മാത്രമാണ് മുംബൈ ഇന്ത്യൻസ് ബൗളർമാരിൽ തിളങ്ങിയത്.

ഏപ്രിൽ 29 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 30 ന് രാജസ്ഥാൻ റോയൽസുമായാണ് മുംബൈയുടെ അടുത്ത മത്സരം.