Skip to content

അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

അജിൻക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രഹാനെ ടീമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മറ്റൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്ന താരം ഗംഭീര പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്നും 52.25 ശരാശരിയിൽ 199 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 209 റൺസ് താരം നേടിയിട്ടുണ്ട്. എന്നാൽ ശ്രേയസ് അയ്യരുടെ പരിക്ക് ഒന്നുകൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയതെന്ന് സുനിൽ ഗാവസ്കർ ചൂണ്ടിക്കാട്ടി. മാത്രമല്ല കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി മോശമല്ലാത്ത പ്രകടനം രഹാനെ കാഴ്ച്ചവെച്ചിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു.

” ഒരേയൊരു മാറ്റം മാത്രമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ശ്രേയസ് അയ്യർക്ക് പകരക്കാരനെ അവർക്ക് ആവശ്യമായിരുന്നു. ഐ പി എല്ലിലെ ഫോം കാരണമല്ല അവൻ ടീമിലെത്തിയതെന്ന് മനസ്സിലാക്കണം. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം അവൻ കാഴ്ച്ചവെച്ചിരുന്നു. ഇനിയുള്ള പ്രധാന ചോദ്യം പ്ലേയിങ് ഇലവനെ കുറിച്ചാണ്. ആരായിരിക്കും കളിക്കുക കെ എസ് ഭരതോ അതോ കെ എൽ രാഹുലോ ! ” സുനിൽ ഗാവസ്കർ പറഞ്ഞു.

ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്കെതിരായ ഫൈനൽ പോരാട്ടം നടക്കുന്നത്. ഫൈനൽ തയ്യാറെടുപ്പിനായി ഐ പി എൽ പ്ലേയോഫ് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും.