ഈഡനിൽ സൂപ്പർ കിങ്സ് വിജയഗാഥ! കൊൽക്കത്തയെ തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി സി എസ് കെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. കെ കെ ആറിൻ്റെ തട്ടകമായ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 49 റൺസിനായിരുന്നു ധോണിയുടെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ സി എസ് കെ ഉയർത്തിയ 236 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ സാധിച്ചുള്ളൂ. 26 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 61 റൺസ് നേടിയ ജേസൺ റോയും 33 പന്തിൽ 53 റൺസ് നേടിയ റിങ്കു സിങും മാത്രമാണ് കെ കെ ആറിന് വേണ്ടി തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സി എസ് കെ 29 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ 71 റൺസ് നേടിയ അജിങ്ക്യ രഹാനെ, 21 പന്തിൽ 50 റൺസ് നേടിയ ശിവം ദുബെ, 40 പന്തിൽ 56 റൺസ് നേടിയ കോൺവെ, 20 പന്തിൽ 30 റൺസ് നേടിയ ഗയ്ക്ക്വാദ് എന്നിവരുടെ മികവിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.

മത്സരത്തിലെ വിജയത്തോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളെ പിന്നിലാക്കികൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top