Skip to content

അവസാന ചിരി വാർണറിന് !! സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം

സൺറൈസേഴ്സ് ഹൈദരബാദിനെ തകർത്ത് ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിൻ്റെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഡൽഹിയുടെ വിജയം.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 39 പന്തിൽ 49 റൺസ് നേടിയ മായങ്ക് അഗർവാൾ, 19 പന്തിൽ 35 റൺസ് നേടിയ ക്ലാസൻ, 15 പന്തിൽ 24 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ എന്നിവർ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.

ഡൽഹിയ്‌ക്ക് വേണ്ടി നോർക്കിയ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും, ഇഷാന്ത് ശർമ്മ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ 5 റൺസ് മാത്രം വഴങ്ങിയ മുകേഷ് കുമാറാണ് ഡൽഹിയ്‌ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡെയുടെയും 34 റൺസ് നേടിയ അക്ഷർ പട്ടേലിൻ്റെയും മികവിലാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്. സൺറൈസേഴ്സിന് വേണ്ടി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നേടി.