Skip to content

സ്റ്റമ്പുകൾ പറപ്പിച്ച് അർഷ്ദീപ് ! മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 13 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം.

മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. നാലോവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങാണ് പഞ്ചാബ് കിങ്സിന് വിജയം സമ്മാനിച്ചത്.

215 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ടിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് രോഹിത് ശർമ്മയും മുംബൈയെ മത്സരത്തിൽ തിരിച്ചെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ 27 പന്തിൽ 44 റൺസ് നേടിയപ്പോൾ കാമറോൺ ഗ്രീൻ 43 പന്തിൽ 67 റൺസ് നേടി.

തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 26 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 57 റൺസ് നേടിയെങ്കിലും പതിനെട്ടാം ഓവറിൽ സൂര്യകുമാർ പുറത്തായത് മുംബൈയ്‌ക്ക് തിരിച്ചടിയായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 29 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 55 റൺസ് നേടിയ ക്യാപ്റ്റൻ സാം കറൻ, 7 പന്തിൽ 25 റൺസ് നേടിയ ജിതേഷ് ശർമ്മ, 28 പന്തിൽ 41 റൺസ് നേടിയ ഹർപ്രീത് സിങ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

മൂന്നോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗളയാണ് മുംബൈ ബൗളർമാരിൽ തിളങ്ങിയത്. കാമറോൺ ഗ്രീൻ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.