Skip to content

സഞ്ജുവിൻ്റെ വിക്കറ്റ് തിരിച്ചടിയായി !! രാജസ്ഥാൻ റോയൽസിന് തോൽവി

ഐ പി എൽ 2023 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു റോയൽസിൻ്റെ തോൽവി.

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന റോയൽസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ജയ്സ്വാളും ബട്ട്ലറും ചേർന്ന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 87 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജയ്സ്വാൾ 35 പന്തിൽ 44 റൺസ് നേടിയപ്പോൾ ബട്ട്ലർ 41 പന്തിൽ 40 റൺസ് നേടി പുറത്തായി. എന്നാൽ ഇരുവരും പുറത്തായ ശേഷം ലഖ്നൗ മത്സരത്തിൽ ശക്തമായി തിരിച്ചെത്തുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സഞ്ജു 4 പന്തിൽ 2 റൺസ് നേടി റണ്ണൗട്ടായപ്പോൾ ഷിംറോൺ ഹെറ്റ്മയർ 2 റൺസ് നേടി പുറത്തായി. ദേവ്ദത് പടിക്കൽ 21 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ റിയാൻ പരഗ് 12 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയൻ്റ്സ് 42 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 51 റൺസ് നേടിയ കെയ്ൽ മെയേഴ്സ്, 32 പന്തിൽ 39 റൺസ് നേടിയ കെ എൽ രാഹുൽ, 20 പന്തിൽ 29 റൺസ് നേടിയ നിക്കോളാസ് പൂരൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി അശ്വിൻ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട്, സന്ദീപ് ശർമ്മ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഏപ്രിൽ 23 ന് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 22 ന് ഗുജറാത്ത് ജയൻ്റ്സിനെതിരെയാണ് ലഖ്നൗവിൻ്റെ അടുത്ത മത്സരം.