രണ്ട് മുട്ട കിട്ടിയില്ലേ ഇനി കുറച്ച് റൺസ് വേണം !! സ്വയം ട്രോളി സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിൽ മികച്ച തുടക്കമല്ല രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനാണ് സഞ്ജു സാംസൺ പുറത്തായത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുൻപേ റൺസ് കണ്ടെത്തേണ്ട ആവശ്യകതയെ കുറിച്ച് സഞ്ജു തുറന്നുപറയുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ ടോസിനിടെയാണ് രണ്ട് തവണ തുടർച്ചയായ ഡക്കായതിൽ സഞ്ജു സ്വയം ട്രോളിയത്. രണ്ട് മുട്ട കൊണ്ട് കിട്ടിയ ഓംലെറ്റ് തനിക്ക് മതിയായെന്നും ഇന്നൽപ്പം റൺസ് നേടണമെന്നും സഞ്ജു പറഞ്ഞു.

ബാറ്റിങിൽ നിരാശപെടുത്തിയെങ്കിൽ കൂടിയും ക്യാപ്റ്റൻസിയിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച രാജസ്ഥാൻ റോയൽസ് നിലവിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മാത്രമാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്.

മത്സരത്തിൽ ടോസ് നേടിയ സഞ്ജു ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചുകൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യന്മാരായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top