Skip to content

തകർത്താടി സഞ്ജു ! ഫിനിഷ് ചെയ്ത് ഹെറ്റ്മയർ ത്രസിപ്പിക്കുന്ന വിജയവുമായി രാജസ്ഥാൻ റോയൽസ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു റോയൽസിൻ്റെ വിജയം.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു. ക്യാപ്റ്റൻ സഞ്ജു സാംസൻ്റെയും ഷിംറോൺ ഹെറ്റ്മയറിൻ്റെയും മികവിലാണ് തകർപ്പൻ വിജയം റോയൽസ് നേടിയത്.

തകർച്ചയോടെയാണ് റൺ ചേസ് രാജസ്ഥാൻ റോയൽസ് തുടങ്ങിയത്. 4 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ജോസ് ബട്ട്ലർ, ജയ്സ്വാൾ എന്നിവരെ റോയൽസിന് നഷ്ടമായി. പടിക്കൽ 25 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ രക്ഷകനായി ക്യാപ്റ്റൻ സഞ്ജു സാംസൺ അവതരിക്കുകയായിരുന്നു. ഷിംറോൺ ഹെറ്റ്മയറിനെ കൂട്ടുപിടിച്ച് തകർത്താടിയ സഞ്ജു വെറും 29 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. 32 പന്തിൽ 3 ഫോറും 6 സിക്സും അടക്കം 60 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

സഞ്ജുവിനെ നഷ്ടപെട്ടുവെങ്കിലും ഫോമിലേക്ക് ഉയർന്ന ഹെറ്റ്മയർ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.26 പന്തിൽ പുറത്താകാതെ 56 റൺസ് താരം അടിച്ചുകൂട്ടി. 10 പന്തിൽ 18 റൺസ് നേടിയ ധ്രുവ് ജുറലും 3 പന്തിൽ 10 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും റോയൽസിൻ്റെ വിജയത്തിൽ പങ്കുവഹിച്ചു.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മൊഹമ്മദ് ഷാമി നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 30 പന്തിൽ 46 റൺസ് നേടിയ ഡേവിഡ് മില്ലർ, 34 പന്തിൽ 45 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 13 പന്തിൽ 27 റൺസ് നേടിയ അഭിനവ് മനോഹർ, 28 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി സന്ദീപ് ശർമ്മ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട്, ആഡം സാംപ, ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.