Skip to content

ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ ഇംപാക്ട് പ്ലേയറായി ക്രീസിലെത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

അടുമുടി മാറിയാണ് ഇക്കുറി ഐ പി എൽ എത്തിയിരിക്കുന്നത്. ഇതിനോടകം സർപ്രൈസ് തീരുമാനങ്ങൾ കൊണ്ട് ടീമുകൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ഇംപാക്ട് പ്ലേയറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കെ കെ ആറിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഇംപാക്ട് പ്ലേയർ മറ്റാരുമല്ല അവരുടെ ക്യാപ്റ്റൻ തന്നെയായ രോഹിത് ശർമ്മയായിരുന്നു.

മത്സരത്തിൽ കൊൽക്കത്ത ഇന്നിങ്സിന് ശേഷമാണ് ഇംപാക്ട് പ്ലേയറായി രോഹിത് ശർമ്മ ബാറ്റിങിന് ഇറങ്ങിയത്. വയറിന് സുഖമില്ലാത്തതിനാലാണ് രോഹിത് ശർമ്മ ഫീൽഡിങിന് ഇറങ്ങാതിരുന്നത്. സൂര്യകുമാർ യാദവായിരുന്നു ഹിറ്റ്മാൻ്റെ അഭാവത്തിൽ ടീമിനെ നയിച്ചത്.

ഇംപാക്ട് പ്ലേയറായി ഇറങ്ങി 13 പന്തിൽ ഒരു ഫോറും 2 സിക്സും ഉൾപ്പടെ 20 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. 25 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 58 റൺസ് നേടി ഇഷാൻ കിഷനും തകർത്തടിച്ചതോടെ മികച്ച തുടക്കമാണ് 186 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് ലഭിച്ചിരിക്കുന്നത്. പവർപ്ലേയിൽ മാത്രം 72 റൺസ് മുംബൈ നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരുടെ മികവിലാണ് 20 ഓവറിൽ 185 റൺസ് നേടിയത്.