Skip to content

ബ്രണ്ടൻ മക്കല്ലത്തിന് ശേഷം ഇതാദ്യം ! സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് വെങ്കടേഷ് അയ്യർ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കെ കെ ആറിൻ്റെ ഇന്ത്യൻ താരം വെങ്കടേഷ് അയ്യർ കാഴ്ച്ചവെച്ചത്. തകർപ്പൻ സെഞ്ചുറി കുറിച്ച താരത്തിൻ്റെ മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച സ്കോർ നേടിയത്. ഈ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അയ്യർ.

49 പന്തിൽ നിന്നും സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യർ 51 പന്തിൽ 6 ഫോറും 9 സിക്സും ഉൾപ്പടെ 104 റൺസ് നേടിയാണ് പുറത്തായത്. താരത്തിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് കെ കെ ആർ നേടി.

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് വെങ്കടേഷ് അയ്യർ. പ്രഥമ ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സെഞ്ചുറി നേടിയ ബ്രണ്ടൻ മക്കല്ലമാണ് ഇതിന് മുൻപ് കെ കെ ആറിന് വേണ്ടി സെഞ്ചുറി നേടിയിട്ടുള്ളത്. അതിന് ശേഷം 15 സീസനുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഒരു കെ കെ ആർ ബാറ്റ്സ്മാൻ ഇപ്പോൾ സെഞ്ചുറി നേടുന്നത്.

അന്ന് 73 പന്തിൽ പുറത്താകാതെ 158 റൺസ് ബ്രണ്ടൻ മക്കല്ലം അടിച്ചുകൂട്ടിയിരുന്നു. ഈ ഐ പി എൽ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. കെ കെ ആറിനെതിരായ മത്സരത്തിൽ സൺറൈസേഴ്സിൻ്റെ ഹാരി ബ്രൂക്കാണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത്.