Skip to content

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് തുടങ്ങാനൊരുങ്ങി സൗദി !! ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് തുടങ്ങാൻ പദ്ധതിയിട്ട് സൗദി അറേബ്യ. ഇന്ത്യൻ പ്രീമിയർ ലീഗിനെയും പിന്നിലാക്കുന്ന തരത്തിലായിരിക്കും പുതിയ ലീഗ് സൗദി തുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിസിസിഐയുടെയും ഒപ്പം ഐ പി എൽ ഉടമകളുടെയും സഹായത്തോടെയാകും പുതിയ ക്രിക്കറ്റ് ലീഗ് ഗൾഫിൽ സൗദി തുടങ്ങുക. കഴിഞ്ഞ ഒരു വർഷമായി ഇതിൻ്റെ പണിപ്പുരയിലാണ് സൗദിയുള്ളത്. നിലവിൽ ഐ പി എല്ലിൻ്റെയും ഐസിസി ടൂർണമെൻ്റുകളുടെയും പ്രധാന സ്പോൺസർമാരാണ് സൗദി. കൂടാതെ പുതിയ സ്പോർട് ഇൻവെസ്റ്റ്മെൻ്റിൽ ക്രിക്കറ്റിനെയും ഉൾപ്പെടുത്താൻ സൗദി ആഗ്രഹിക്കുന്നതായി ഐസിസി വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ താരങ്ങളെ ആദ്യമായി വിദേശ ലീഗിൽ കളിക്കാൻ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ഏഷ്യ കപ്പ് അടക്കമുളള ടൂർണമെൻ്റുകൾക്ക് വേദിയാകാനുള്ള താൽപ്പര്യവും സൗദി പ്രകടിപ്പിച്ചിരുന്നു. നേരത്തെ പുതിയ ലീഗ് തുടങ്ങുന്നതിനെ സംബന്ധിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം സൗദി പ്രിൻസുമായി ചർച്ച നടത്തിയിരുന്നു.

ഐ പി എല്ലിൻ്റെ ചുവടുപിടിച്ച് സൗത്താഫ്രിക്ക, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ പുതിയ ക്രിക്കറ്റ് ലീഗുകൾ തുടങ്ങിയിരുന്നു. യു എസ് എയുടെ പുതിയ ടി20 ലീഗ് ഈ ജൂണിൽ ആരംഭിക്കുകയാണ്. മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല, ഷാരൂഖ് ഖാൻ അടക്കമുളളവർ ഇൻവെസ്റ്റ്മെൻ്റ് നടത്തിയ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐ പി എൽ ഫ്രാഞ്ചൈസികൾ ടീമുകളെ വാങ്ങിയിരുന്നു.