Skip to content

വീണ്ടും തെവാട്ടിയ ഫിനിഷ് ! ഫിഫ്റ്റി നേടി ഗിൽ പഞ്ചാബിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം

ഐ പി എൽ 2023 സീസണിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ടൈറ്റൻസിൻ്റെ വിജയം.

മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 154 റൺസിൽ ചുരുക്കികെട്ടിയ ഗുജറാത്ത് ടൈറ്റൻസ് മറുപടി ബാറ്റിങ്ങിൽ വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന് വിജയം സമ്മാനിച്ചത്. വൃദ്ധിമാൻ സാഹ 19 പന്തിൽ 30 റൺസ് നേടി. സീസണിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ മൂന്നാം വിജയമാണിത്. അവസാന ഓവറിൽ ഗില്ലിനെ നഷ്ടപെട്ടതോടെ ട്വിസ്റ്റ് പ്രതീക്ഷിച്ചുവെങ്കിലും അഞ്ചാം പന്തിൽ സാം കറനതിരെ ബൗണ്ടറി നേടികൊണ്ട് രാഹുൽ തെവാട്ടിയ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് വേണ്ടി 24 പന്തിൽ 36 റൺസ് നേടിയ ഓസ്ട്രേലിയൻ താരം മത്യൂർ ഷോർട്ട്, 9 പന്തിൽ 22 റൺസ് നേടിയ ഷാരൂഖ് ഖാൻ എന്നിവർ മാത്രമാണ് തിളങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മോഹിത് ശർമ്മ നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റും റാഷിദ് ഖാൻ, അൽസാരി ജോസഫ്, ജോഷ് ലിറ്റിൽ, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഏപ്രിൽ പതിനഞ്ചിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം. ഏപ്രിൽ പതിനാറിന് രാജസ്ഥാൻ റോയൽസുമായാണ് ഗുജറാത്തിൻ്റെ അടുത്ത മത്സരം.