Skip to content

ഹിറ്റ്മാൻ ഈസ് ബാക്ക്. തകർപ്പൻ ഫിഫ്റ്റി നേടി ടീമിന് വിജയം സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

തകർപ്പൻ ഫിഫ്റ്റി നേടി ഈ ഐ പി എൽ സീസണിൽ മുംബൈ ഇന്ത്യൻസിന് ആദ്യ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എല്ലിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമ്മ ഫിഫ്റ്റി നേടുന്നത്.

മുംബൈ ഇന്ത്യൻസ് ആവേശവിജയം നേടിയ മത്സരത്തിൽ 29 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ 45 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 65 റൺസ് നേടിയാണ് പുറത്തായത്. പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ചും മുംബൈ ഇന്ത്യൻസ് നായകൻ കരസ്ഥമാക്കി.

നീണ്ട 24 ഇന്നിങ്സുകൾക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ ഐ പി എൽ ഫിഫ്റ്റിയാണിത്. ഇതിന് മുൻപ് 2021 സീസണിലായിരുന്നു രോഹിത് ശർമ്മ ഫിഫ്റ്റി നേടിയത്. എന്നാൽ കാത്തിരിപ്പിന് ശേഷം ഫിഫ്റ്റി നേടിയെങ്കിലും അതിൻ്റെ സെലിബ്രേഷൻ രോഹിത് ശർമ്മയിൽ നിന്നുണ്ടായില്ല. ഫിഫ്റ്റിയ്‌ക്ക് ശേഷം 15 റൺസ് കൂടെ നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

പിന്നീട് അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഓസീസ് യുവതാരങ്ങളായ കാമറോൺ ഗ്രീൻ, ടിം ഡേവിഡ് എന്നിവർ ചേർന്ന് മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. മറുഭാഗത്ത് ഡൽഹി ക്യാപിറ്റൽസ് സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി.