സൂര്യകുമാറോ ശൂന്യകുമാറോ !! വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഐ പി എല്ലിന് മുൻപായി നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് കഷ്ടകാലമാണ്. ആ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും താരം ഗോൾഡൻ ഡക്കായിരുന്നു. എന്നാലിപ്പോൾ ഏകദിനം വിട്ട് ഐ പി എല്ലിൽ വന്നപ്പോഴും മോശം പ്രകടനം തുടരുകയാണ് സൂര്യകുമാർ യാദവ്.

സീസണിലെ ആദ്യ മത്സരത്തിൽ 16 പന്തിൽ 15 റൺസും കഴിഞ്ഞ മൽസരത്തിൽ രണ്ട് പന്തിൽ ഒരു റൺസും നേടി പുറത്തായ സൂര്യകുമാർ യാദവ് ഇപ്പോഴിതാ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായിരിക്കുകയാണ്. ഡൽഹി പേസർ മുകേഷ് കുമാറാണ് സൂര്യയെ മത്സരത്തിൽ പുറത്താക്കിയത്.

അവസാന ആറ് ഇന്നിങ്സിൽ ഇത് നാലാം തവണയാണ് ആദ്യ പന്തിൽ സൂര്യകുമാർ യാദവ് പുറത്താകുന്നത്.

മത്സരത്തിലേക്ക് വരുമ്പോൾ അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ ഡബിൾ നേടിയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 45 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 65 റൺസ് നേടിയ രോഹിത് ശർമ്മയാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. തിലക് വർമ്മ 29 പന്തിൽ 41 റൺസ് നേടിയപ്പോൾ ടിം ഡേവിഡ് 11 പന്തിൽ 13 റൺസും കാമറോൺ ഗ്രീൻ 8 പന്തിൽ 17 റൺസും നേടി പുറത്താകാതെ നിന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top