Skip to content

വീണ്ടും ത്രില്ലർ ! ധോണി ഫിനിഷിൽ നിന്നും രക്ഷപെട്ട് രാജസ്ഥാൻ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയവുമായി രാജസ്ഥാൻ റോയൽസ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 3 റൺസിനായിരുന്നു റോയൽസിൻ്റെ വിജയം.

മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. 10 റൺസ് എടുക്കുന്നതിനിടെ മികച്ച ഫോമിലുള്ള ഗയ്ക്ക്വാദിനെ സി എസ് കെയ്‌ക്ക് നഷ്ടപെട്ടു. 19 പന്തിൽ 31 റൺസ് നേടിയ അജിങ്ക്യ രഹാനെയും 38 പന്തിൽ 50 റൺസ് നേടിയ കോൺവെയും സി എസ് കെയെ തിരിച്ചെത്തിച്ചുവെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നേടി രാജസ്ഥാൻ റോയൽസ് മത്സരത്തിൽ തിരിച്ചെത്തി. പിന്നീട് 113 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിൽ ഒരുമിച്ച ജഡേജയും ക്യാപ്റ്റൻ എം എസ് ധോണിയും ചേർന്നാണ് മത്സരം അവസാന പന്തിലേക്ക് എത്തിച്ചത്. എം എസ് ധോണി 17 പന്തിൽ 32 റൺസ് നേടിയപ്പോൾ രവീന്ദ്ര ജഡേജ 15 പന്തിൽ 25 റൺസും നേടി.

അവസാന ഓവറിൽ 21 റൺസ് വേണമെന്നിരിക്കെ 17 റൺസ് സി എസ് കെ നേടിയിരുന്നു. അതിൽ 14 റൺസും നേടിയത് ധോണിയായിരുന്നു

രാജസ്ഥാൻ റോയൽസിനായി അശ്വിനും ചഹാലും രണ്ട് വിക്കറ്റുകൾ വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 36 പന്തിൽ 52 റൺസ് നേടിയ ജോസ് ബട്ട്ലർ, 22 പന്തിൽ 30 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 26 പന്തിൽ 38 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 18 പന്തിൽ 30 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ആകാശ് സിങ്ങ്, തുഷാർ ദേഷ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഏപ്രിൽ പതിനേഴിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം. ഏപ്രിൽ 16 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.