Skip to content

അവന് അതിനെകുറിച്ചാണ് ആശങ്ക !! ബാബറിന് പുറകെ കോഹ്ലിയെയും വിമർശിച്ച് സൈമൻ ഡൂൾ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് പുറകെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്കെതിരെയും വിമർശനവുമായി രംഗത്തെത്തി കമൻ്റേറ്റർ സൈമൺ ഡൂൾ. ബാബറിനെതിരായ വിമർശനങ്ങൾക്ക് പുറകെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം മുൻ ന്യൂസിലൻഡ് താരം നേരിട്ടിരുന്നു. ഇതിന് പുറകെയാണ് കോഹ്ലിയ്ക്കെതിരെയും സമാന വിമർശനം സൈമൺ ഡൂൾ നടത്തിയത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിനിടെയായിരുന്നു കമൻ്ററിയിൽ സൈമൺ ഡൂൾ വിമർശനം ഉന്നയിച്ചത്. 44 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. എന്നാൽ 42 റൺസിൽ നിന്നും ഫിഫ്റ്റി നേടുവാൻ കോഹ്ലിയെടുത്ത സമയമാണ് സൈമൺ ഡൂൾ ചൂണ്ടികാട്ടി വിമർശിച്ചത്. 25 പന്തിൽ നിന്നും 42 റൺസ് നേടിയ കോഹ്ലി പിന്നീട് 10 പന്തുകൾ നേരിട്ടുകൊണ്ടാണ് 35 പന്തിൽ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

” കോഹ്ലിയ്‌ക്ക് 42 റൺസിൽ ഫിഫ്റ്റിയിലെത്താൻ 10 പന്തുകൾ വേണ്ടിവന്നു. അവൻ വ്യക്തിഗത നേട്ടത്തെ കുറിച്ച് ആശങ്കപെടുന്നു. ഈ ഫോർമാറ്റിൽ അതിന് ഇടമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ” സൈമൺ ഡൂൾ കമൻ്ററിയിൽ പറഞ്ഞു.

കഴിഞ്ഞ പാകിസ്ഥാൻ സൂപ്പർ ലീഗിനിടെയാണ് ബാബറിനെതിരെ സൈമൻ ഡൂൾ വിമർശനം ഉന്നയിച്ചത്. ആ മത്സരത്തിൽ സെഞ്ചുറി നേടിയ ശേഷമായിരുന്നു ബാബറിനെ മുൻ താരം വിമർശിച്ചത്. 46 പന്തിൽ 83 റൺസ് നേടിയ ബാബറിന് പിന്നീട് സെഞ്ചുറി പൂർത്തിയാക്കുവാൻ 16 പന്തുകൾ വേണ്ടിവന്നിരുന്നു. മത്സരത്തിലാകട്ടെ ബാബറിൻ്റെ ടീം പരാജയപെടുകയും ചെയ്തു.