ഞാൻ ശരിയായ കാര്യമാണ് ചെയ്തത് ! തൻ്റെ പ്രകടനത്തെ ന്യായീകരിച്ച് കെ എൽ രാഹുൽ

തകർപ്പൻ വിജയമാണ് ആർ സീ ബിയ്ക്കെതിരായ മത്സരത്തിൽ എൽ എസ് ജി നേടിയത്. മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പൂരനും തകർത്താടിയപ്പോൾ ഐ പി എൽ ചരിത്രത്തിലെ തന്നെ അവിസ്മരണീയ വിജയങ്ങളിൽ ഒന്നാണ് എൽ എസ് ജി സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിലെ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ പ്രകടനം ആരാധകരുടെ പോലും നെറ്റി ചുളിപ്പിച്ചിരുന്നു.

213 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ടീമിന് വേണ്ടി 20 പന്തിൽ 18 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. എന്നാൽ മത്സരശേഷം തൻ്റെ പ്രകടനത്തെ ന്യായീകരിച്ചിരിക്കുകയാണ് കെ എൽ രാഹുൽ. റൺസ് അധികം നേടാൻ സാധിക്കാത്തതുകൊണ്ടാണ് സ്ട്രൈക്ക് റേറ്റ് കുറഞ്ഞുപോയതെന്നും ആ സാഹചര്യത്തിന് പറ്റിയ രീതിയിലാണ് താൻ ബാറ്റ് ചെയ്തതെന്നും കെ എൽ രാഹുൽ പറഞ്ഞു.

” ഞാൻ കൂടുതൽ റൺസ് നേടിയാൽ എൻ്റെ സ്ട്രൈക്ക് റേറ്റും കൂടും. ഞാൻ അപ്പോഴത്തെ സാഹചര്യമാണ് നോക്കിയത്. ഞാൻ ചെയ്തത് ശരിയായ കാര്യമെന്നാണ് ഞാൻ കരുതുന്നത്. വിക്കറ്റ് പോകാതെ ഞാൻ നിക്കോളസിനൊപ്പം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ എളുപ്പത്തിൽ ഞങ്ങൾ വിജയിച്ചേനെ. വൈകാതെ രണ്ടോ മൂന്നോ മികച്ച പ്രകടങ്ങളോടെ എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.

സീസണിലെ തങ്ങളുടെ മൂന്നാം വിജയമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്. ഇതോടെ രാജസ്ഥാൻ റോയൽസിനെ പിന്നിലാക്കി ലക്നൗ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഏപ്രിൽ പതിനഞ്ചിന് പഞ്ചാബ് കിങ്സിനെതിരെയാണ് ലഖ്നൗവിൻ്റെ അടുത്ത മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top