Skip to content

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ കെ ആറിൻ്റെ റിങ്കു സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ അടക്കമുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് റിങ്കു സിങ്.

അവസാന ഓവറിലെ അവസാന അഞ്ച് പന്തിൽ 28 റൺസ് വേണമെന്നിരിക്കെയാണ് യാഷ് ദയാലിനെതിരെ തുടർച്ചയായി അഞ്ച് സിക്സ് നേടികൊണ്ട് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്.

ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഒരോവറിൽ അഞ്ച് സിക്സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനായി റിങ്കു സിങ് മാറി. ക്രിസ് ഗെയ്ലാണ് ആദ്യമായി ഐ പി എല്ലിൽ ഒരോവറിൽ 5 സിക്സ് നേടിയത്. 2012 സീസണിൽ പുനെ വാരിയേഴ്സിനെതിരായ മത്സരത്തിൽ രാഹുൽ ശർമ്മയ്ക്കെതിരെയാണ് ക്രിസ് ഗെയ്ൽ 5 സിക്സ് നേടിയത്.

2020 സീസണിൽ ഇന്ത്യൻ താരം രാഹുൽ തെവാട്ടിയയാണ് പിന്നീട് ഒരോവറിൽ അഞ്ച് സിക്സ് പറത്തിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കവെ പഞ്ചാബിൻ്റെ ഷേൽഡൻ കോട്രലിനെതിരെയാണ് രാഹുൽ തെവാട്ടിയ 5 സിക്സ് നേടിയത്. പിന്നീട് തൊട്ടടുത്ത സീസണിൽ സി എസ് കെ ആർ സീ ബി മത്സരത്തിൽ രവീന്ദ്ര ജഡേജ ഒരോവറിൽ അഞ്ച് സിക്സ് നേടിയിരുന്നു. ഹർഷൽ പട്ടേലിനെതിരെയാണ് ഈ വെടിക്കെട്ട് പ്രകടനം ജഡേജ പുറത്തെടുത്തത്.