Skip to content

തോൽവിയിലും ഹീറോയായി ധവാൻ ! സൺറൈസേഴ്സിന് സീസണിലെ ആദ്യ വിജയം

പഞ്ചാബ് കിങ്സിനെ 8 വിക്കറ്റിന് തകർത്തുകൊണ്ട് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. രാഹുൽ ത്രിപാതിയുടെയും ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിൻ്റെയും മികവിലാണ് തകർപ്പൻ വിജയം സൺറൈസേഴ്സ് സ്വന്തമാക്കിയത്.

മത്സരത്തിൽ ധവാൻ്റെ ഒറ്റയാൾ പോരാട്ടമികവിൽ പഞ്ചാബ് കിംഗ്സ് ഉയർത്തിയ 144 റൺസിൻ്റെ വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു. രാഹുൽ ത്രിപാതി 48 പന്തിൽ 10 ഫോറും മൂന്ന് സിക്സുമടക്കം 74 റൺസും ഐയ്ഡൻ മാർക്രം 21 പന്തിൽ 37 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ ധവാൻ്റെ പോരാട്ടമികവിലാണ് വൻ തകർച്ചയിൽ നിന്നും രക്ഷപെട്ടത്. 66 പന്തിൽ 12 ഫോറും 5 സിക്സും ഉൾപ്പടെ 99 റൺസ് ധവാൻ നേടി. 22 റൺസ് നേടിയ സാം കറനായിരുന്നു ടീമിൽ രണ്ടക്കം കടന്ന മറ്റൊരു താരം. അവസാന വിക്കറ്റിൽ ധവാൻ 55 റൺസ് കൂട്ടിച്ചേർത്തപ്പോൾ അതിൽ ഒരു റൺ മാത്രമായിരുന്നു പതിനൊന്നാമൻ്റെ സമ്പാദ്യം.

സൺറൈസേഴ്സിന് വേണ്ടി മായങ്ക് മാർക്കണ്ഡേ നാല് വിക്കറ്റും മാർക്കോ യാൻസൻ, ഉമ്രാൻ മാലിക്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഏപ്രിൽ പതിമൂന്നിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം മികച്ച ഫോമിലുള്ള കെ കെ ആറിനെതിരെയാണ് സൺറൈസേഴ്സിൻ്റെ അടുത്ത മത്സരം.