Skip to content

ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ചെപ്പോക്കിൽ തടിച്ചുകൂടിയ പതിനായിരകണക്കിന് കാണികളെ ആദ്യ രണ്ട് പന്തിൽ സിക്സ് പറത്തികൊണ്ട് ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് ചെന്നൈ സൂപ്പർ കിങ്സ് നേടി. 31 പന്തിൽ 57 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ്, 29 പന്തിൽ 47 റൺസ് നേടിയ ഡെവൻ കോൺവെ, 16 പന്തിൽ 27 റൺസ് നേടിയ ശിവം ദുബെ, 14 പന്തിൽ പുറത്താകാതെ 27 റൺസ് നേടിയ അമ്പാട്ടി റായിഡു എന്നിവരാണ് സി എസ് കെയ്‌ക്ക് വേണ്ടി തിളങ്ങിയത്.

ഇരുപതാം ഓവറിലെ ആദ്യ പന്തിൽ ജഡേജ പുറത്തായ ശേഷമാണ് ധോണി ക്രീസിലെത്തിയത്. മികച്ച രീതിയിൽ പന്തെറിയുകയായിരുന്ന മാർക്ക് വുഡിനെതിരെ നേരിട്ട ആദ്യ രണ്ട് പന്തിലും സിക്സ് പറത്തികൊണ്ട് ധോണി ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. മൂന്നാം പന്തിൽ സിക്സ് നേടാനുള്ള ശ്രമം പരാജയപെട്ടുവെങ്കിലും തൻ്റെ ജോലി നിർവഹിച്ചുകൊണ്ടാണ് എം എസ് ധോണി മടങ്ങിയത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി രവി ബിഷ്നോയ് നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മാർക്ക് വുഡ് 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

വീഡിയോ :