Skip to content

കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ഐ പി എൽ തിരിച്ചുവരവിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞ് മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള താരത്തിൻ്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

നാലോവറുകൾ എറിഞ്ഞ ജോഫ്രാ ആർച്ചർ 33 റൺസാണ് വഴങ്ങിയത്. ഇതിൽ കോഹ്ലിയ്ക്കെതിരെ എറിഞ്ഞ 18 പന്തിലാണ് 28 റൺസും താരം വഴങ്ങിയത്. ഒരു ടി20 മത്സരത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ റൺസും കൂടിയാണിത്. 2 ഫോറും 2 സിക്സും ആർച്ചർക്കെതിരെ വിരാട് കോഹ്ലി നേടി.

49 പന്തിൽ പുറത്താകാതെ 6 ഫോറും 5 സിക്സും ഉൾപ്പടെ 82 റൺസ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഐ പി എല്ലിൽ ഇത് അമ്പതാം തവണയാണ് കോഹ്ലി 50+ സ്കോർ നേടുന്നത്. ഇതോടെ ഡേവിഡ് വാർണർക്ക് ശേഷം ഐ പി എല്ലിൽ ഈ നാഴികക്കല്ല് പിന്നിടുന്ന താരമായി കോഹ്ലി മാറി മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ വിജയം. കോഹ്‌ലിയ്‌ക്കൊപ്പം 43 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പടെ 73 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും തകത്തടിച്ചതോടെയാണ് അനായാസ വിജയം ആർ സീ ബി നേടിയത്.

മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടിയ അവസാന ആറ് മത്സരങ്ങളിലെ ആർ സീ ബിയുടെ അഞ്ചാം വിജയമാണിത്. ഇത് തുടർച്ചയായ പതിനൊന്നാം തവണയാണ് സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപെടുന്നത്.