ആദ്യ മത്സരത്തിൽ ചെണ്ടയായി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവുമായി മാർക്ക് വുഡ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇംഗ്ലീഷ് പേസർ മാർക്ക് വുഡ് കാഴ്ച്ചവെച്ചത്. വുഡിൻ്റെ തീപാറും പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കുവാൻ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച വുഡിൻ്റെ രണ്ടാമത്തെ മാത്രം ഐ പി എൽ മത്സരമായിരുന്നു ഇത്. അഞ്ച് വർഷം മുൻപ് 2018 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയായിരുന്നു താരം കളിച്ചത്. നാലോവറിൽ 49 റൺസ് വഴങ്ങി ദയനീയ പ്രകടനമായിരുന്നു അന്ന് ഇംഗ്ലണ്ട് താരം കാഴ്ച്ചവെച്ചത്.

പിന്നീട് പല കാരണങ്ങൾ കൊണ്ട് താരത്തിന് ഐ പി എൽ സീസണുകൾ നഷ്ടമായി. പരിക്കിനൊപ്പം ഇംഗ്ലണ്ടിന് മുൻഗണന നൽകിയതും ഐ പി എൽ നഷ്ടപെടുവാൻ കാരണമായി. ഒടുവിൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. നാലോവറിൽ വെറും 14 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയുള്ള ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

കൂടാതെ ഐ പി എല്ലിലെ ഒരു ഇംഗ്ലണ്ട് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടവും വുഡ് സ്വന്തമാക്കി. 2012 ൽ പുനെ വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് നേടിയ ദിമിത്രി മസ്കരൻഹാസാണ് ഇതിന് മുൻപ് ഐ പി എല്ലിൽ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള ഇംഗ്ലണ്ട് ബൗളർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top