Skip to content

തീയായി മാർക്ക് വുഡ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് തകർപ്പൻ വിജയം

ഐ പി എൽ 2023 സീസണിൽ വിജയത്തോടെ തുടങ്ങി കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 50 റൺസിനായിരുന്നു സൂപ്പർ ജയൻ്റ്സിൻ്റെ വിജയം.

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 194 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

നാലോവറിൽ 14 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ മാർക്ക് വുഡാണ് ഡൽഹി ക്യാപിറ്റൽസിനെ തകർത്തത്. ആവേശ് ഖാൻ, രവി ബിഷ്നോയ് എന്നിവർ രണ്ട് വിക്കറ്റ് നേടി വുഡിന് മികച്ച പിൻതുണ നൽകി. 48 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് ഡൽഹി നിരയിൽ പിടിച്ചുനിന്നത്. റിലീ റൂസ്സോ 30 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് 38 പന്തിൽ 2 ഫോറും 7 സിക്സും അടക്കം 73 റൺസ് നേടിയ ഓപ്പണർ കെയ്ൽ മെയേഴ്സ്, 21 പന്തിൽ 36 റൺസ് നേടിയ നിക്കോളാസ് പൂരൻ, 7 പന്തിൽ 18 റൺസ് നേടിയ ബഡോനി എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 193 റൺസ് നേടിയത്.

ഏപ്രിൽ മൂന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ലഖ്നൗവിൻ്റെ അടുത്ത മത്സരം. ചെന്നൈ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഡൽഹിയുടെ അടുത്ത മത്സരം. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.