Skip to content

സൂപ്പറോവർ പോരാട്ടത്തിൽ ആവേശവിജയവുമായി ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് ആവേശവിജയം. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്.

മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പറോവറിലേക്ക് നീണ്ടത്. സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് തീക്ഷ്ണയ്ക്കെതിരെ 8 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ വെറും മൂന്ന് പന്തിൽ ശ്രീലങ്ക വിജയം കുറിച്ചു.

197 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് അവസാന ഓവറിൽ വിജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ 13 പന്തിൽ 26 റൺസ് നേടിയ രച്ചിൻ രവീന്ദ്രയെ പുറത്താക്കി ഷണക ന്യൂസിലൻഡിനെ സമ്മർദ്ദത്തിലാക്കി. സ്പിന്നറായ ഇഷ് സോധി ക്രീസിലെത്തുമ്പോൾ 5 പന്തിൽ 13 റൺസായിരുന്നു ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിൽ ഡബിൾ ഓടിയ താരം നേരിട്ട മൂന്നാം പന്തിൽ സിംഗിൾ നേടി. ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നേടികൊണ്ട് ഷിപ്ലെ സ്ട്രൈക്ക് സോധിയ്‌ക്ക് കൈമാറിയതോടെ ശ്രീലങ്ക തോൽവിയിൽ നിന്നും രക്ഷപെട്ടു. അവസാന പന്തിൽ 7 റൺസ് വേണമെന്നിരിക്കെ സിക്സ് പറത്തികൊണ്ട് സോധി മത്സരം സൂപ്പറോവറിലേക്ക് എത്തിക്കുകയായിരുന്നു.

44 പന്തിൽ 66 റൺസ് നേടിയ ഡാരൽ മിച്ചൽ, 33 റൺസ് നേടിയ മാർക്ക് ചാപ്മാൻ എന്നിവരാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 41 പന്തിൽ 67 റൺസ് നേടിയ അസലങ്ക, 45 പന്തിൽ 53 റൺസ് നേടിയ കുശാൽ പെരേര എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുൻപിലെത്തി.