Skip to content

20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ തൻ്റെ ആദ്യ മത്സരത്തിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്ലർ. വെറും 20 പന്തിൽ ഫിഫ്റ്റി നേടിയ ബട്ട്ലറുടെ മികവിൽ ഐ പി എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

20 പന്തിൽ ഫിഫ്റ്റി നേടിയ ജോസ് ബട്ട്ലർ 22 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 54 റൺസ് നേടിയാണ് പുറത്തായത്. സൺറൈസേഴ്സിൻ്റെ അഫ്ഗാൻ പേസർ ഫസൽഹാഖ് ഫറൂഖിയാണ് ഒടുവിൽ ബട്ട്ലറെ പുറത്താക്കിയത്. ഇത് മൂന്നാം തവണയാണ് ഐ പി എല്ലിൽ പവർപ്ലേയ്ക്കുള്ളിൽ ജോസ് ബട്ട്ലർ ഫിഫ്റ്റി നേടുന്നത്. ഐ പി എല്ലിലെ ബട്ട്ലറുടെ വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്.

കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നും 57.33 ശരാശരിയിൽ 4 സെഞ്ചുറിയും നാല് ഫിഫ്റ്റിയും ഉൾപ്പടെ 863 റൺസ് ജോസ് ബട്ട്ലർ നേടിയിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിലെ താരത്തിൻ്റെ പ്രകടനം വലിയ പ്രതീക്ഷയാണ് റോയൽസിന് സമ്മാനിക്കുന്നത്.

പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് രാജസ്ഥാൻ റോയൽസ് അടിച്ചുകൂട്ടി. ഐ പി എല്ലിലെ രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ പവർപ്ലേ സ്കോറും കൂടിയാണിത്.