Skip to content

അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലേയർ. സിക്സ് പറത്തി ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

ഐ പി എല്ലിൽ ഇംപാക്ട് പ്ലേയറിനെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു പുതിയ നിയമം സമർത്ഥമായി ലഖ്നൗ ഉപയോഗിച്ചത്.

മത്സരത്തിൽ ലഖ്നൗ ഇന്നിങ്സിലെ അവസാന പന്ത് നേരിടാൻ വേണ്ടിയാണ് കെ എൽ രാഹുലും കൂട്ടരും ഇംപാക്ട് പ്ലേയറായി കൃഷ്ണപ്പ ഗൗതമിനെ ഉപയോഗിച്ചത്. ചേതൻ സക്കറിയ എറിഞ്ഞ അവസാന പന്തിൽ സിക്സ് പായിച്ചുകൊണ്ട് കൃഷ്ണപ്പ ഗൗതം ടീമിൻ്റെ തീരുമാനം ശരിയെന്ന് തെളിയിക്കുകയും ചെയ്തു. തൊട്ടു മുൻപത്തെ പന്തിൽ പുറത്തായ ബഡോനിയ്‌ക്ക് പകരക്കാരനായാണ് കൃഷ്ണപ്പ ഗൗതമിനെ ലഖ്നൗ ഇറക്കിയത്.

കൃഷ്ണപ്പ ഗൗതം നേടിയ ഈ സിക്സോടെ നിശ്ചിത 20 ഓവറിൽ 193 റൺസ് നേടിയ ലക്നൗ സൂപ്പർ ജയൻ്റ്സ് വമ്പൻ വിജയലക്ഷ്യം ക്യാപിറ്റൽസിന് മുൻപിൽ ഉയർത്തി. 38 പന്തിൽ 2 ഫോറും 7 സിക്സും ഉൾപ്പടെ 73 റൺസ് നേടിയ കെയ്ൽ മെയേഴ്സ്, 21 പന്തിൽ 36 റൺസ് നേടിയ നിക്കോളാസ് പൂരൻ, 7 പന്തിൽ 18 റൺസ് നേടിയ ആയുഷ് ബദോണി എന്നിവരാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഖലീൽ അഹ്മദ്, ചേതൻ സക്കറിയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.