Skip to content

പന്തിനെ മറക്കാതെ ഡൽഹി ക്യാപിറ്റൽസ്. കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്റ്റാർ ബാറ്റ്സ്മാനും ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത് ഇല്ലാതെയാണ് ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കാർ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് പന്തിന് ഈ സീസൺ നഷ്ടമായത്. ഡേവിഡ് വാർണറാണ് ഇക്കുറി ഡി സിയെ നയിക്കുന്നത്. എന്നാൽ സീസണിന് പന്തില്ലയെങ്കിലും തങ്ങളുടെ ക്യാപ്റ്റനെ മറക്കാൻ ഡൽഹി ക്യാപിറ്റൽസ് തയ്യാറാല്ലായിരുന്നു.

ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിൻ്റെ ഡഗൗട്ടിന് റിഷഭ് പന്തിൻ്റെ ജേഴ്സി തൂങ്ങികിടക്കുന്നത് കാണാമായിരുന്നു. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. റിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണെന്ന് സീസണിന് മുൻപേ ഹെഡ് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു.

റിഷഭ് പന്തിൻ്റെ അഭാവത്തിൽ സർഫറാസ് ഖാനാണ് ഡൽഹി ക്യാപിറ്റൽസിനായി വിക്കറ്റ് കീപ്പറുടെ ജോലി നിർവഹിക്കുന്നത്. ഒരു സ്പെഷ്യാലിസ്റ്റ് വിക്കറ്റ് കീപ്പർ അല്ലാത്തതിനാൽ തന്നെ അതിൻ്റെ കുറവുകൾ ആദ്യ മത്സരത്തിൽ തന്നെ സർഫറാസിൽ വ്യക്തമായിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ വിക്കറ്റ് 6 നഷ്ടത്തിൽ 193 റൺസ് നേടിയിട്ടുണ്ട്. 38 പന്തിൽ 2 ഫോറും 7 സിക്സും ഉൾപ്പടെ 73 റൺസ് നേടിയ കെയ്ൽ മെയേഴ്സ്, 21 പന്തിൽ 36 റൺസ് നേടിയ നിക്കോളാസ് പൂരൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്.