Skip to content

ഇംപാക്ട് കൂടിപോയോ ! സി എസ് കെയെ ചതിച്ചത് ഇംപാക്ട് പ്ലേയർ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. നിലവിലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ തോൽവി.

ഐ പി എല്ലിലെ പുതിയ നിയമത്തിൻ്റെ ആനുകൂല്യം ചെന്നൈ സൂപ്പർ കിങ്സ് ഇറക്കിയ ഇംപാക്ട് പ്ലേയറുടെ പ്രകടനമാണ് മത്സരത്തിൽ ടീമിന് തിരിച്ചടിയായത്. ഗുജറാത്ത് ടൈറ്റൻസ് ഇന്നിങ്സിന് മുൻപേ അമ്പാട്ടി റായിഡുവിനെ കേറ്റിയിരുത്തിയാണ് ഇംപാക്ട് പ്ലേയറായി ബൗളറായ തുഷാർ ദേഷ്പാണ്ഡെയെ ചെന്നൈ സൂപ്പർ കിങ്സ് ഇറക്കിയത്.

എന്നാൽ താരത്തിൻ്റെ പ്രകടനം അതിദയനീയമായിരുന്നു. ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് എടുത്തുവെങ്കിൽ കൂടിയും 3.2 ഓവർ മാത്രം എറിഞ്ഞ താരം 51 റൺസ് വഴങ്ങികൂട്ടി. മറ്റുള്ള ബൗളർമാർ എല്ലാവരും തന്നെ പത്തിന് താഴെ ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞപ്പോഴായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഗുജറാത്ത് ടൈറ്റൻസും മത്സരത്തിൽ ഇംപാക്ട് പ്ലേയറെ ഉപയോഗിച്ചിരുന്നു. പരിക്കേറ്റ വില്യംസണ് പകരം സായ് സുദർശനെയാണ് കളിക്കളത്തിൽ ഇറക്കിയത്. 17 പന്തിൽ 22 റൺസ് നേടിയാണ് താരം പുറത്തായത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് മറികടന്നത്. 36 പന്തിൽ 63 റൺസ് നേടിയ ശുഭ്മാൻ ഗില്ലായിരുന്നു ടൈറ്റൻസ് നിരയിൽ തിളങ്ങിയത്. റാഷിദ് ഖാൻ 3 പന്തിൽ 10 റൺസും തെവാട്ടിയ 14 പന്തിൽ 15 റൺസും നേടി പുറത്താകാതെ നിന്നു.