Skip to content

ഫിഫ്റ്റി നേടി ഗിൽ. ഫിനിഷ് ചെയ്ത് റാഷിദ് ഖാനും തെവാട്ടിയയും തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎൽ 2023 സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.

179 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മികച്ച തുടക്കമാണ് ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 37 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 16 പന്തിൽ 2 ഫോറും 2 സിക്സും ഉൾപ്പടെ 25 റൺസ് നേടിയാണ് സാഹ പുറത്തായത്. സാഹ പുറത്തായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫോം ഐ പി എല്ലിലും തുടർന്ന ഗില്ലിൻ്റെ മികവിൽ ഗുജറാത്ത് സ്കോർ മുൻപോട്ട് കുതിച്ചു.

36 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 63 റൺസ് നേടിയ ഗിൽ പുറത്തായതോടെ മത്സരത്തിൽ തിരിച്ചെത്താൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചത്. വിജയ് ശങ്കറിനെയും ഹാർദിക്ക് പാണ്ഡ്യയെയും പുറത്താക്കി ചെന്നൈ വിജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും 11 റൺസ് നേടിയ റാഷിദ് ഖാൻ്റെയും 15 റൺസ് നേടിയ രാഹുൽ തെവാട്ടിയയുടെയും മികവിൽ ടൈറ്റൻസ് വിജയം കുറിക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 50 പന്തിൽ 4 ഫോറും 9 സിക്സും ഉൾപ്പടെ 92 റൺസ് നേടിയ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. എന്നാൽ താരം പുറത്തായതോടെ ചെന്നൈ സൂപ്പർ കിങ്സിനെ പിടിച്ചുകെട്ടുവാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചു. ബെൻ സ്റ്റോക്സ് 6 പന്തിൽ 7 റൺസും റായിഡു 12 റൺസും ശിവം ദുബെ 18 പന്തിൽ 19 റൺസും ജഡേജ ഒരു റൺസും നേടി പുറത്തായി നിരാശപെടുത്തിയപ്പോൾ ഏഴാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ എം എസ് ധോണി 7 പന്തിൽ ഒരു ഫോറും സിക്സും ഉൾപ്പടെ പുറത്താകാതെ 14 റൺസ് നേടിയതോടെ ടീം 170 പിന്നിട്ടത്.

ഗുജറാത്ത് ടൈറ്റൻസിനായി മൊഹമ്മദ് ഷാമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തി. ഏപ്രിൽ മൂന്ന് തിങ്കളാഴ്ച കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.