Skip to content

കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. വെറും 8 റൺസ് അകലെയാണ് മത്സരത്തിൽ താരത്തിന് സെഞ്ചുറി നഷ്ടമായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം.

മത്സരത്തിൽ 50 പന്തിൽ 4 ഫോറും 9 സിക്സും ഉൾപ്പടെ 92 റൺസ് നേടിയാണ് റിതുരാജ് ഗയ്ക്ക്വാദ് പുറത്തായത്. ഐ പി എല്ലിൽ ഇത് എട്ടാം തവണയാണ് താരം 70 + റൺസ് നേടുന്നത്. ഇതോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ തവണ 70 ൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഫാഫ് ഡുപ്ലെസിസിനൊപ്പം താരമെത്തി.

7 തവണ 70 + റൺസ് നേടിയ സി എസ് കെയുടെ മുൻ ഓസീസ് താരം മൈക്കൽ ഹസിയെയാണ് റിതുരാജ് ഗയ്ക്ക്വാദ് പിന്നിലാക്കിയത്. 10 തവണ 70+ സ്കോർ നേടിയ മിസ്റ്റർ ഐ പി എൽ സുരേഷ് റെയ്നയാണ് ഈ നേട്ടത്തിൽ ഒന്നാമൻ.

മത്സരത്തിൽ നേടിയ 9 സിക്സോടെ ഒരു ഐ പി എൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ സി എസ് കെ താരമായി റിതുരാജ് ഗയ്ക്ക്വാദ് മാറി. ഗയ്ക്ക്വാദിനെ കൂടാതെ മൈക്കൽ ഹസി, ബ്രണ്ടൻ മക്കല്ലം, റോബിൻ ഉത്തപ്പ, എന്നിവരും ചെന്നൈ സൂപ്പർ കിങ്സിനായി ഒരു ഇന്നിങ്സിൽ 9 സിക്സ് നേടിയിട്ടുണ്ട്. 11 സിക്സ് നേടിയ മുരളി വിജയാണ് ഈ നേട്ടത്തിൽ ഒന്നാമൻ.