മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക നീക്കം. സൂര്യകുമാർ ഇക്കുറി ക്യാപ്റ്റനാകും. കാരണം ഇതാണ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇക്കുറി ചില മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മ സീസണിൽ ചില മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനാലാണ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കാനൊരുങ്ങുന്നത്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ചില മത്സരങ്ങളിൽ നിന്നും മുൻകരുതൽ എന്ന നിലയിൽ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ വിട്ടുനിൽക്കാൻ ഒരുങ്ങുന്നത്. ഐ പി എല്ലിന് ശേഷം ഏതാനും ദിവസങ്ങളുടെ ഇടവേള മാത്രമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ളത്. പ്ലേയോഫിൽ യോഗ്യത നേടാത്ത ടീമുകളിലെ ഇന്ത്യൻ ടീമംഗങ്ങൾ നേരത്തെ തന്നെ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് രോഹിത് ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

മറുഭാഗത്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപായി മെയ് മാസത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ അടക്കമുള്ളവർ കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ ഒരുങ്ങുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ആഷസ് പരമ്പരയും ഇംഗ്ലണ്ടിൽ നടക്കും.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ പരാജയപെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ബോർഡർ ഗവാസ്കർ ട്രോഫി സിരീസിലും ഓസ്ട്രേലിയയെ പരാജയപെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ഫൈനലിൽ ഇന്ത്യയെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top