Skip to content

മിൽക്ക് പാക്കറ്റുകൾ വിറ്റാണ് അവൻ ക്രിക്കറ്റ് കിറ്റ് വാങ്ങിച്ചിരുന്നത്. രോഹിത് ശർമ്മ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പ്രഗ്യാൻ ഓജ

ഇന്ത്യൻ ക്യാപ്റ്റനും ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരവും അണ്ടർ 15 സമയം മുതൽ രോഹിത് ശർമ്മയുടെ സുഹൃത്തുമായ പ്രഗ്യാൻ ഓജ.

2009 ൽ ഡെക്കാൻ ചാജേഴ്സ് ഐ പി എൽ കിരീടം നേടിയപ്പോഴും 2013 ലും 2015 ലും മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാരായപ്പോഴും ഓജ രോഹിത് ശർമ്മയ്ക്കൊപ്പമുണ്ടായിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ രോഹിത് ശർമ്മ കുട്ടിക്കാലത്ത് ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ഈ നിലയിലെത്തിയതെന്ന് ജിയോ സിനിമയിൽ സംസാരിക്കവെ ഓജ വെളിപ്പെടുത്തി.

” രോഹിത് ശർമ്മയുടേത് മിഡിൽ ക്ലാസ്സ് ഫാമിലിയായിരുന്നു. ഒരിക്കൽ ക്രിക്കറ്റ് കിറ്റിനെ കുറിച്ച് സംസാരിക്കവെ അവൻ ഇമോഷണലായി. ആ സമയത്ത് ക്രിക്കറ്റ് കിറ്റ് വാങ്ങുവാൻ അവൻ പാക്കറ്റ് മിൽക്ക് വിതരണം ചെയ്തു. ഇപ്പോഴവനെ കാണുമ്പോൾ ഞങ്ങളുടെ യാത്ര ആരംഭിച്ചതിനെ കുറിച്ചും ഞങ്ങൾ ഇപ്പോൾ എവിടെയെത്തി എന്നതിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ” ഓജ പറഞ്ഞു.

” അണ്ടർ 15 നാഷണൽ ടീം ക്യാമ്പിൽ അവനെ ആദ്യമായി കണ്ടപ്പോൾ അവനൊരു സ്പെഷ്യൽ പ്ലേയറാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അവനൊരു സാധാരണ മുംബൈക്കാരനായിരുന്നു. അധികം സംസാരിക്കില്ല. പക്ഷേ കളിക്കുമ്പോൾ അവൻ അഗ്രസീവായിരുന്നു. തമ്മിൽ അറിയാഞ്ഞിട്ടും അവൻ എന്നോട് അഗ്രസീവായതിൽ ഞാൻ അത്ഭുതപെട്ടു. പക്ഷേ അതിന് ശേഷം ഞങ്ങളുടെ സൗഹൃദം വളർന്നു. ” ഓജ കൂട്ടിച്ചേർത്തു.