Skip to content

ലോകകപ്പിൽ നിർണായക നീക്കം. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ല

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഐസിസി നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഏഷ്യ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റിയതോടെ ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ.

ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ബംഗ്ലാദേശിലേക്ക് മാറ്റണമെന്നാണ് പാകിസ്ഥാൻ്റെ പുതിയ ആവശ്യം. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിൽ മാത്രമായി ഐസിസി ലോകകപ്പ് നടക്കാനൊരുങ്ങുന്നത്. പാകിസ്ഥാൻ മുന്നോട്ട് വെച്ച നിർദ്ദേശത്തിൽ ചർച്ചകളോ തീരുമാനങ്ങളോ ഐസിസി എടുത്തിട്ടില്ല. ദുബായിൽ നടന്ന ബോർഡ് മീറ്റിങിലാണ് ഇക്കാര്യം മുൻപോട്ട് വെച്ചത്.

ഏഷ്യ കപ്പ് നടത്തിപ്പിൽ പാകിസ്ഥാൻ മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു രാജ്യത്ത് നടത്തുവാനാണ് എ സി സി തീരുമാനിച്ചിരിക്കുന്നത്. യു എ ഇ, ഒമാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ന്യൂട്രൽ വേദിയായി സാധ്യത പട്ടികയിലുള്ളത്. ഇപ്പോൾ ഇതേ മോഡലാണ് ഐസിസിയ്ക്ക് മുൻപിലും പാകിസ്ഥാൻ വെച്ചിരിക്കുന്നത്.

എന്നാൽ ഫൈനൽ അടക്കം മറ്റൊരു രാജ്യത്തിലേക്ക് മാറ്റേണ്ടിവരുന്ന ഈ മോഡലിന് യോജിക്കാൻ ബിസിസിഐ തയ്യാറാകില്ലെന്ന് ഉറപ്പാണ്. ഫൈനൽ വേദിയായി ഇതിനോടകം നരേന്ദ്ര മോദി സ്റ്റേഡിയത്തെ ബിസിസിഐ തീരുമാനിച്ചുകഴിഞ്ഞു.