Skip to content

വനിതാ ഐ പി എൽ ടീമുകളെ നാളെ പ്രഖ്യാപിക്കും, കൂടുതൽ സമ്പന്നരാകാൻ ബിസിസിഐ

വനിതാ ഐ പി എൽ ടീമുകളെ ബിസിസിഐ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ടീമുകളുടെ ലേലത്തിൻ്റെ സാങ്കേതിക വശങ്ങൾ ഇന്ന് ബിസിസിഐ പൂർത്തിയാക്കികഴിഞ്ഞു. നാളെയായിരിക്കും ലേലം വിളി ആരംഭിക്കുക.

33 പാർട്ടികൾ തുടക്കത്തിൽ ടീമുകളെ വാങ്ങിക്കുവാൻ താൽപ്പര്യം കാണിച്ചുവെങ്കിലും ഇപ്പോൾ ഏഴ് ഐ പി എൽ ടീമുകൾ ഉൾപ്പടെ 17 പാർട്ടികളാണ് ടീമുകൾക്കായി രംഗത്തുള്ളത്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടങ്ങിയ ഏഴ് ടീമുകളാണ് വനിതാ ഐ പി എല്ലിലും ടീമുകളെ വാങ്ങുവാൻ രംഗത്തുള്ളത്. പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകൾക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സും ലേലത്തിൽ നിന്നും വിട്ടുനിന്നു.

ഐ പി എൽ ടീമുകൾ കൂടാതെ അദാനി ഗ്രൂപ്പ്, ഹൽദിരാം ഗ്രൂപ്പ്, kotak ഗ്രൂപ്പ്, Torrent Pharma തുടങ്ങിയ വമ്പന്മാരും ടീമുകൾക്കായി രംഗത്തുണ്ട്.

ടീമുകൾക്ക് അടിസ്ഥാന വില ബിസിസിഐ നിശ്ചയിച്ചിട്ടില്ല. സീൽഡ് എൻവലപ്പിലൂടെ പാർട്ടികൾക്ക് ലേലം വിളിക്കാം. അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഇൻഡോർ, ലക്നൗ, മുംബൈ തുടങ്ങിയ സിറ്റികളെയാണ് ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് ടീമുകളുടെ ലേലത്തിലൂടെ 4000 കോടി ബിസിസിഐ നേടുമെന്നാണ് വിദഗ്ദർ ചൂണ്ടികാട്ടുന്നത്. വനിതാ ഐ പി എല്ലിൻ്റെ മീഡിയ റൈറ്റ്സ് വയാകോം സ്വന്തമാക്കിയിരുന്നു. 951 കോടിയ്ക്കാണ് അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വയാകോം സ്വന്തമാക്കിയത്. ഓരോ മത്സരത്തിൻ്റെയും മീഡിയ റൈറ്റ്സ് വാല്യൂ 7.09 കോടിയാണ്. ഇതിനോടകം വുമൺ NBA യ്ക്ക് ശേഷം ഏറ്റവും സമ്പന്നമായ വനിതാ സ്പോർട്സ് ലീഗായി വുമൺസ് ഐ പി എൽ മാറികഴിഞ്ഞു.