Skip to content

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ടാണ് ഇന്ത്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 113 പോയിൻ്റാണ് ഈ മത്സരത്തിന് മുൻപ് ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഉണ്ടായിരുന്നത്. ഏകദിന റാങ്കിങിനൊപ്പം ടി20 റാങ്കിങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

മത്സരത്തിൽ 90 റൺസിൻ്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 41.2 ഓവറിൽ 295 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ്, ശാർദുൽ താക്കൂർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ചഹാൽ രണ്ട് വിക്കറ്റും ഹാർദിക്ക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 101 റൺസ് നേടിയ രോഹിത് ശർമ്മ, 54 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടിയത്. ഏകദിനത്തിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണിത്.