Skip to content

ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 138 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മൂന്നാം സെഷനിൽ 15 ഓവറുകൾ ശേഷിക്കെയാണ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം പാകിസ്ഥാൻ ക്യാപ്റ്റനിൽ നിന്നുണ്ടായത്.

ആദ്യ ഇന്നിങ്സിൽ 174 റൺസിൻ്റെ ലീഡ് വഴങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാബർ അസം ഈ തീരുമാനമെടുത്തത്. രണ്ടാം ഇന്നിങ്സിൽ 96 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 53 റൺസ് നേടിയ സർഫറാസ്, 55 റൺസ് നേടിയ സൗദ് ഷക്കീൽ, 43 റൺസ് നേടിയ മൊഹമ്മദ് വാസിം എന്നിവരാണ് പാകിസ്ഥാന് വേണ്ടി തിളങ്ങിയത്.

ന്യൂസിലൻഡിന് വേണ്ടി ഇഷ് സോധി ആറ് വിക്കറ്റും ബ്രേസ്വെൽ രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ കെയ്ൻ വില്യംസൻ്റെയും സെഞ്ചുറി നേടിയ ടോം ലാതത്തിൻ്റെയും 92 റൺസ് നേടിയ കോൺവെയുടെയും മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ന്യൂസിലൻഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

പാകിസ്ഥാൻ്റെ ആദ്യ ഇന്നിങ്സ് 438 റൺസിൽ അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ, അഗ സൽമാൻ, 86 റൺസ് നേടിയ സർഫറാസ് എന്നിവരാണ് പാകിസ്ഥാന് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്.