Skip to content

വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുത്തുവെങ്കിലും വെളിച്ചകുറവ് വില്ലനായതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

രണ്ടാം ഇന്നിങ്സിൽ 15 ഓവർ ശേഷിക്കെ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 7.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് നേടിയിരുന്നു. 16 പന്തിൽ 18 റൺസ് നേടിയ ഡെവൻ കോൺവെയും 24 പന്തിൽ 35 റൺസ് നേടിയ ടോം ലാതവും തകർത്തടിച്ചതോടെ പാകിസ്ഥാൻ പരാജയം മുന്നിൽകണ്ടിരുന്നു.

ക്യാപ്റ്റൻ ബാബർ അസമിൻ്റെ ധീരമായ തീരുമാനമായിരുന്നു മത്സരം അവസാനനിമിഷം ആവേശകരമാക്കിയത്. 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് ബാബർ അസം ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്.

രണ്ടാം ഇന്നിങ്സിൽ 96 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 53 റൺസ് നേടിയ സർഫറാസ്, 55 റൺസ് നേടിയ സൗദ് ഷക്കീൽ, 43 റൺസ് നേടിയ മൊഹമ്മദ് വാസിം എന്നിവരാണ് പാകിസ്ഥാന് വേണ്ടി തിളങ്ങിയത്.

ന്യൂസിലൻഡിന് വേണ്ടി ഇഷ് സോധി ആറ് വിക്കറ്റും ബ്രേസ്വെൽ രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ കെയ്ൻ വില്യംസൻ്റെയും സെഞ്ചുറി നേടിയ ടോം ലാതത്തിൻ്റെയും 92 റൺസ് നേടിയ കോൺവെയുടെയും മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ന്യൂസിലൻഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

പാകിസ്ഥാൻ്റെ ആദ്യ ഇന്നിങ്സ് 438 റൺസിൽ അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ, അഗ സൽമാൻ, 86 റൺസ് നേടിയ സർഫറാസ് എന്നിവരാണ് പാകിസ്ഥാന് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്.