Skip to content

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ.

395 പന്തിൽ 21 ഫോറും ഒരു സിക്സും ഉൾപ്പടെയാണ് വില്യംസൺ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ വില്യംസൻ്റെ അഞ്ചാം ഡബിൾ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടുന്ന ന്യൂസിലൻഡ് ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് കെയ്ൻ വില്യംസൺ സ്വന്തമാക്കി.

നാല് ഡബിൾ സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയാണ് കെയ്ൻ വില്യംസൺ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 3 ഡബിൾ സെഞ്ചുറികൾ വീതം നേടിയിട്ടുള്ള റോസ് ടെയ്‌ലർ, സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരാണ് ഈ നേട്ടത്തിൽ വില്യസണും മക്കല്ലത്തിനും പുറകിലുള്ളത്.

കെയ്ൻ വില്യംസൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 174 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കി. നേരത്തെ പാകിസ്ഥാൻ്റെ ആദ്യ ഇന്നിങ്സ് 438 റൺസിൽ അവസാനിച്ചിരുന്നു.