Skip to content

സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ഇന്ത്യയുടെ ടി20 ടീമിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ അടക്കമുള്ളവരെ ഒഴിവാക്കുന്നതിനോട് യോജിച്ച് മുൻ ഇന്ത്യൻ താരം ഗൗതമി ഗംഭീർ. ഭയം കൂടാതെ കളിക്കുന്ന സമീപനമാണ് ഇന്ത്യയിൽ നിന്നും വേണ്ടതെന്നും അതിനായി സഞ്ജു സാംസൺ, പൃഥ്വി ഷാ, രാഹുൽ ത്രിപാതി അടക്കമുള്ളവരെ ടീമിൽ ഉൾപ്പെടുത്തണമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” വ്യക്തത ഉണ്ടായിരിക്കേണ്ടതുണ്ട്. സെലക്ടർമാരും കളിക്കാരും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരിക്കണം. സെലക്ടർമാർ ഈ കളിക്കാരെ ഒഴിവാക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ ആ തീരുമാനവുമായി മുൻപോട്ട് പോകട്ടെ. ഒരുപാട് രാജ്യങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്. “

” സെലക്ടർമാർ ചില വ്യക്തികൾക്ക് അപ്പുറത്തേക്ക് ചിന്തിക്കുമ്പോൾ നമ്മൾ കരയുന്നു, ആത്യന്തികമായി വ്യക്തികൾക്കല്ല പ്രാധാന്യം നൽകേണ്ടത്. അടുത്ത ലോകകപ്പിനുള്ള (2024 ടി20 ലോകകപ്പ്) തയ്യാറെടുപ്പിനെ കുറിച്ചാണ്. ഈ താരങ്ങൾക്ക് അതിന് സാധിച്ചില്ലെങ്കിൽ പോലും സൂര്യകുമാർ യാദവ് അടക്കമുള്ള പുതിയ തലമുറയ്ക്ക് അതിന് സാധിക്കില്ലെന്ന് പറയാകില്ല. ” ഗംഭീർ പറഞ്ഞു.

” വ്യക്തിപരമായി എന്നോട് ചോദിച്ചാൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ ആ കൂട്ടത്തിൽ വേണം. ഹാർദിക്ക് പാണ്ഡ്യ അവിടെയുണ്ട്. പൃഥ്വി ഷാ, സഞ്ജു സാംസൺ, രാഹുൽ ത്രിപാതി എന്നിവരും ആ ടീമിൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് നിർഭയമായി ക്രിക്കറ്റ് കളിക്കാൻ കഴിയും. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.