Skip to content

ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടി ന്യൂസിലൻഡ്. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 174 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കി.

ഡബിൾ സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ മികവിലാണ് വമ്പൻ സ്കോർ ന്യൂസിലൻഡ് കുറിച്ചത്. 395 പന്തിൽ 21 ഫോറും ഒരു സിക്സും ഉൾപ്പടെ 200 റൺസ് നേടി വില്യംസൺ പുറത്താകാതെ നിന്നു. വില്യംസനൊപ്പം 113 റൺസ് നേടിയ ടോം ലാതവും 92 റൺസ് നേടിയ കോൺവെയും 65 റൺസ് നേടിയ ഇഷ് സോധിയും കിവികൾക്കായി തിളങ്ങി.

പാകിസ്ഥാന് വേണ്ടി അബ്രാർ അഹ്മദ് അഞ്ച് വിക്കറ്റും നൗമാൻ അലി മൂന്ന് വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 161 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 103 റൺസ് നേടിയ അഗ സൽമാൻ, 86 റൺസ് നേടിയ സർഫറാസ് എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 438 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ ടിം സൗത്തീ മൂന്ന് വിക്കറ്റും അജാസ് പട്ടേൽ, ബ്രേസ്വെൽ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.