Skip to content

കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

വിരാട് കോഹ്ലിയ്ക്കും ഡേവിഡ് വാർണറിനും പുറകെ തൻ്റെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസണും. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി വില്യംസൺ കുറിച്ചത്.

772 ദിവസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ സെഞ്ചുറി നേടുന്നത്. 206 പന്തിൽ നിന്നുമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 25 ആം സെഞ്ചുറി വില്യംസൺ നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ മൂന്നാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 440 റൺസ് നേടിയിട്ടുണ്ട്. 105 റൺസ് നേടിയ കെയ്ൻ വില്യംസണും ഒരു റൺ നേടിയ ഇഷ് സോധിയുമാണ് ന്യൂസിലൻഡിന് വേണ്ടി ക്രീസിലുള്ളത്. കെയ്ൻ വില്യംസണെ കൂടാതെ 92 റൺസ് നേടിയ ഓപ്പണർ ഡെവൻ കോൺവെയാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്.

പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റും നൗമാൻ അലി ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 438 റൺസ് അടിച്ചുകൂട്ടിയിരുന്നു. 161 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 103 റൺസ് നേടിയ അഗ സൽമാനുമാണ് പാകിസ്ഥാന് വേണ്ടി തിളങ്ങിയത്.