Skip to content

കരുത്ത് കൂട്ടുവാൻ പന്തിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ച് ബിസിസിഐ

ഇന്ത്യൻ വിക്കറ്റ് റിഷഭ് പന്തിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ച് ബിസിസിഐ. ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ ബിസിസിഐ പന്തിനെ ഉൾപെടുത്തിയിരുന്നില്ല. കണ്ടീഷനിങിനും ഒപ്പം കരുത്തും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പന്തിനെ ബിസിസിഐ ബാംഗ്ലൂരിനുള്ള നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പന്തിൻ്റെ സാന്നിധ്യവും പ്രകടനവും ഇന്ത്യയ്ക്ക് നിർണായകമാണ്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയെങ്കിൽ പോലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലെങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റു ടീമുകളുടെ മത്സരഫലങ്ങൾക്ക് കാത്തുനിൽക്കാതെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.

കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ വിജയശിൽപ്പിയായത് റിഷഭ് പന്തായിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിരാശപെടുത്തുമ്പോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരത പുലർത്തുന്ന ബാറ്റ്സ്മാന്മാരിൽ ഒരാളാണ് റിഷഭ് പന്ത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് വരുമ്പോൾ നിലവിൽ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 14 മത്സരങ്ങളിൽ എട്ടിലും വിജയിച്ച ഇന്ത്യ നാല് മത്സരങ്ങളിൽ പരാജയപെട്ടിരുന്നു. മറുഭാഗത്ത് 13 മത്സരങ്ങളിൽ നിന്നും 9 വിജയം നേടി ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയയുള്ളത്. ഒരേയൊരു മത്സരത്തിൽ മാത്രമാണ് ഈ സീസണിൽ ഓസ്ട്രേലിയ പരാജയപെട്ടത്.