Skip to content

നാല് ഇന്നിങ്സിൽ നിന്നും 14 റൺസ്, വീണ്ടും നിലംതൊടാതെ പാക് ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും തിളങ്ങുവാൻ താരത്തിന് സാധിച്ചില്ല.

15 പന്തിൽ 6 റൺസ് നേടിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാബർ പുറത്തായത്. ലുങ്കി എൻകീഡിയാണ് താരത്തെ പുറത്താക്കിയത്. ഈ ലോകകപ്പിൽ നാല് ഇന്നിങ്സിൽ നിന്നും വെറും 14 റൺസ് നേടുവാൻ മാത്രമാണ് ബാബർ അസമിന് സാധിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ ആദ്യ പന്തിൽ പുറത്തായ താരം നെതർലൻഡ്സിനെതിരെയും സിംബാബ്‌വെയ്ക്കെതിരെയും വെറും 4 റൺസ് നേടിയാണ് പുറത്തായത്. 3.50 മാത്രമാണ് താരത്തിൻ്റെ ശരാശരി, സ്ട്രൈക്ക് റേറ്റാകട്ടെ 50 ലും താഴെയാണ്.

ഈ വർഷം നടന്ന ഏഷ്യ കപ്പിലും മോശം പ്രകടനമായിരുന്നു ബാബർ കാഴ്ച്ചവെച്ചത്. 6 ഇന്നിങ്സിൽ നിന്നും വെറും 68 റൺസ് മാത്രമാണ് ഏഷ്യ കപ്പിൽ ബാബർ നേടിയത്.

സൗത്താഫ്രിക്കയ്ക്കെതിരായ ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ നേരിയ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന് സാധിക്കൂ. മത്സരത്തിൽ വിജയിച്ചാൽ സൗത്താഫ്രിക്ക സെമിഫൈനൽ ഉറപ്പിക്കുകയും പാകിസ്ഥാൻ സെമികാണാതെ പുറത്താവുകയും ചെയ്യും.