Skip to content

ഹീറോയായി ഷദാബ്, തകർപ്പൻ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ 33 റൺസിൻ്റെ പാകിസ്താന് വിജയം. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി.

മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 142 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 19 പന്തിൽ 36 റൺസ് നേടിയ ബാവുമ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റും ഷദാബ് ഖാൻ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഷദാബ് ഖാൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. ഷദാബ് 22 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 52 റൺസ് നേടിയപ്പോൾ ഇഫ്തിഖാർ അഹമ്മദ് 35 പന്തിൽ 51 റൺസ് നേടി. മൊഹമ്മദ് ഹാരിസ് 11 പന്തിൽ 28 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ബാബർ അസം 6 റൺസും റിസ്വാൻ 4 റൺസും നേടി പുറത്തായി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആൻ്റിച്ച് നോർകിയ നാല് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷ കണക്കുകളിലെങ്കിലും നിലനിർത്താൻ പാകിസ്ഥാന് സാധിച്ചു. അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വിജയിക്കുകയും അടുത്ത മത്സരങ്ങളിൽ ഇന്ത്യയോ സൗത്താഫ്രിക്കയോ പരാജയപെട്ടാൽ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാം.

നവംബർ ആറിന് ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാൻ്റെ അവസാന മത്സരം. സൗത്താഫ്രിക്ക നെതർലൻഡ്സുമായി ഏറ്റുമുട്ടുമ്പോൾ ഇന്ത്യ സിംബാബ്വെയുമായി ഏറ്റുമുട്ടും.