Skip to content

ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടി ഐറിഷ് പേസർ ജോഷുവ ലിറ്റിൽ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഹാട്രിക്ക് കുറിച്ച് അയർലൻഡ് പേസർ ജോഷ് ലിറ്റിൽ. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കും ലോകകപ്പ് ചരിത്രത്തിലെ ആറാമത്തെ ഹാട്രിക്കുമാണിത്.

മത്സരത്തിലെ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും മൂന്നാം പന്തിൽ ജിമ്മി നീഷത്തെയും നാലാം പന്തിൽ മിച്ചൽ സാൻ്റ്നറിനെയും പുറത്താക്കിയാണ് ജോഷ് ലിറ്റിൽ ഹാട്രിക്ക് പൂർത്തിയാക്കിയത്.

ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിലെ ആറാമത്തെ ഹാട്രിക്കാണിത്. ഇതിൽ രണ്ട് ഹാട്രിക്കും നേടിയിരിക്കുന്നത് അയർലൻഡ് ബൗളർമാരാണ്. 2007 ലോകകപ്പിൽ ബ്രെയ്റ്റ് ലീയാണ് ആദ്യമായി ലോകകപ്പിൽ ഹാട്രിക് നേടിയത്. പിന്നീട് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം യു എ ഇയിൽ നടന്ന ലോകകപ്പിലായിരുന്നു രണ്ടാമത്തെ ഹാട്രിക്ക് പിറന്നത്. ഐറിഷ് ബൗളർ കർടിസ് കാംഫറായിരുന്നു രണ്ടാമത്തെ ഹാട്രിക് കുറിച്ചത്. പിന്നീട് അതേ ലോകകപ്പിൽ വാനിഡു ഹസരങ്കയും കഗിസോ റബാഡയും ഹാട്രിക്ക് നേടി.

തുടർന്ന് ഈ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ യു എ ഇ സ്പിന്നർ കാർത്തിക് മെയ്യപ്പനാണ് അഞ്ചാമത്തെ ഹാട്രിക്ക് നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 35 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ മികവിലാണ് 20 ഓവറിൽ 185 റൺസ് നേടിയത്. ഡാരൽ മിച്ചൽ 21 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു.